Tuesday, September 6, 2011

നട്ടുച്ച

പൊരിഞ്ഞ കത്തുന്ന വെയില്‍
ഓടുമേല്‍ക്കുരക്കിടയിലെ ചില്ലുകളില്‍
പൊന്‍വെയില്‍ തീര്‍ത്ത വലയം.
തുടച്ചു മിനുക്കിയിട്ട കാവിനിലം
കോലയില്‍ നീണ്ട തിണ്ണയും വരാന്തയും,
കാലുകഴുകാനൊരു മൊന്തയും.

കാര്ണോര്‍ ചാരുകസേരയിലിരിക്കുന്നു
കാലുകള്‍ രണ്ടും നീട്ടി തിണ്ണയിലേക്കും
ഓലയീര്‍ക്കിള്‍കൊണ്ട് തിന്ന ചോറിനോടു
നന്ദി കാണിക്കാതെ കുത്തിപുറത്താക്കുന്നു
കൈയിലെ തോര്‍ത്തുകൊണ്ടിടക്ക്
വീശി വീശി വിയര്‍പ്പാറ്റുന്നു.

തിണ്ണയിളിരിക്കുന്ന ട്രാന്സിസ്റ്ര്‍
ചിലക്കുന്ന ശബ്ദത്തില്‍
നല്ല മലയാളി പാട്ടുപടുന്നു.
ജോണ്സനും രവീന്ദ്രനും മാറി മാറി.

അകത്തെ മുറിയില്‍ പെണ്ണുങ്ങള്‍
അടുക്കളപ്പണിയും വെപ്പും കുളിയും
തീറ്റിക്കലും തീറ്റയും കഴിഞ്ഞ്
കാച്ചിയ എണ്ണയിട്ട നീണ്ട മുടി
ഉണങ്ങാനഴിചിട്ട് നീണ്ട് നിവര്‍ന്ന്‍ കിടക്കുന്നു
എല്ലും ഞരമ്പും കാണുന്ന വൃത്തിയുള്ള
കാലില്‍ ചുവപ്പ മാഞ്ഞുതുടങ്ങ്ങ്ങിയ മയിലാഞ്ചിപ്പാട്.

അടുക്കിവെച്ച അടുക്കളയില്‍നിന്ന്‍
ഒച്ചകേട്ടോടിയതോര്‍മ്മായുണ്ട്
പിറുപിരുത്തും ശകാരിച്ച്ച്ചും
വിണ്ടും അടുക്കിവച്ചു.
ഒരു ദീര്‍ഘനിശ്വാസതോടെ
കട്ടിലില്‍ വന്നുചരിഞ്ഞു കിടന്നു
കോലായില്‍ കാര്ന്നോര്‍ ക്‌ുര്‍ക്കം തുടങ്ങി

പറമ്പിലെ മരങ്ങള്‍ ആടിയുലഞ്ഞ്
വയലിലെ മണംപേറി കാറ്റ്‌.
അസര്‍മുല്ല പൂക്കള്‍ മുറ്റത്ത് വിരിയാറായ്
ഒപ്പം ഒരു സുലൈമാനിക്കുള്ള ഓടര്‍ അകത്തേക്കും.

Wednesday, February 25, 2009

ഇനിയും കണ്ടിട്ടില്ലാത്ത കുറിഞ്ഞിപ്പൂക്കള്‍ക്ക്........


കവിതയില്‍ ആദ്യാക്ഷരങ്ങളെഴുതിയപ്പോള്‍
ഒരിക്കല്‍ ഞാന്‍ കണ്ടു വിരിഞ്ഞു നില്‍ക്കുന്ന
നിങ്ങളെ.....
എനിക്കു പ്രിയപ്പെട്ട ടീച്ചറുടെ കവിതകളിലൂടെ
അന്ന് ഞാന്‍ കൊതിച്ചു
ആരുമില്ലാതെ തനിച്ച്
ഒരിക്കല്‍ മഞ്ഞു പെയ്യുന്ന ഇളം പ്രഭാതത്തില്‍..
എന്റെ പറമ്പിലെ പേരറിയാ പൂക്കളെ പ്പോലെ
നിങ്ങളെയും ഒരിക്കലൊന്നോമനിക്കണമെന്ന്...
കിന്നാരം പറയണമെന്ന്............

പിന്നീടെപ്പൊഴോ ഒരു തുണ്ടു പത്രത്തിൽ
നിങ്ങളൊരുമിച്ച് ഒരു ഹ്രുദയം പൊലെ
നീലഗിരിയെ പുതപ്പിച്ച്
ഒന്നായ് ചിരിക്കുന്നത് കണ്ടു,
അന്ന് ഞാൻ കൊതിച്ചു
എന്റെ സ്വപ്നത്തിലെ രാജകുമാരനോടൊന്നിച്ച്
നിന്റെയരികിൽ വന്ന് മൌനമായ് പ്രണയിക്കണമെന്ന്...

ഇനിയും ഞാൻ നിന്റെയരികിൽ വന്നില്ല...
കാലത്തിന്റെ തിക്കിലും തിരക്കിലും പെട്ടരയുമ്പോൽ...
അറിയില്ല ഞാനൊരിക്കൽ
നിന്റെയരികിൽ വരുമോയെന്ന്.....
ഒരു പക്ഷെ
ഈ ജന്മമതിനായില്ലെങ്കിൽ
നിനക്കന്യമായ് പോകുന്ന മണ്ണായ്
ഒരിക്കൽ ഞാൻ വരുമായ്യിരിക്കും.......

എന്റെ പ്രിയപ്പെട്ട കുഞ്ഞനിയന്‍........

ഒരുപാട് വൈകിയായിരുന്നു എന്റെ ഉമ്മയുടെ വയറ്റില്‍ ഒരു കുഞ്ഞുവാവയുണ്ടെന്ന് ഞാനറിഞ്ഞത്.അറിഞ്ഞാല്‍ എനിക്കിഷ്ട്ടപ്പെടില്ല

എന്ന് വിചാരിച്ചാവും പറയാഞ്ഞത്.അന്ന് ഞാന്‍ നാലാം ക്ലാസില്‍,എന്റെ കൂട്ടുകാരി ഒരു ദിവസം എന്നോട് ചോദിച്ചു “നിന്റെ ഉമ്മയുടെ

വയറ്റില്‍കുഞ്ഞാവയുണ്ടോ വല്യ വയറായിട്ടുണ്ട്”.അന്ന് ഞാനെന്ത് മറുപടി നല്‍കിയെന്നെനിക്കോര്‍മ്മയില്ല.പക്ഷെ പിന്നീടെപ്പോഴോ

കുടുംബത്തിലാരോ പറഞ്ഞപ്പൊഴാൺ ഞാൻ വിശ്വസിച്ചത്.

പിന്നെ എനിക്കെല്ലാരോടും ദേഷ്യമായിരുന്നു.ഉമ്മയോടും ഉപ്പയോടും ഇക്കാക്കമാരോടും ഒക്കെ.ഇതുവരെ ഞാനായിരുന്നു വീട്ടിലെ

കുഞ്ഞുവാവ.ഒറ്റമോൾ,ഏക അനിയത്തികുട്ടി...ഇതൊക്കെ പോകുമല്ലൊ ആലോചിച്ചപ്പോൾ എനിക്ക് സങ്കടം വന്നു.ആരോടും മിണ്ടതെ

ആരും കാണാതെ ഒറ്റക്കിരുന്ന് കരയും.

ഒരു ദിവസം ഉമ്മ വലിയ വയറുമായ് ബാഗിൽ കുറേ സാധനമൊക്കെയായ് വണ്ടിയിൽ കയറി പോയി കൂടെ ഉപ്പയും പിന്നാലെ കുറെ

ബന്ധുക്കളും.

ഒന്നോ രണ്ടോ ദിവസം കയിഞ്ഞു കാണും ഞാനും ഇക്കക്കമാരും വീട്ടിലുള്ളപ്പോൾ ഉപ്പ ഹോസ്പിറ്റലിൽ നിന്ന് വന്ന് തിരക്കിട്ട് പോകാൻ

നിക്കുകയായിരുന്നു അപ്പൊയാൺ ആ ഫോൺ വന്നത്.ഉപ്പ ഫോണെടുത്തു
“എപ്പൊ,കൊഴപ്പൊന്നുല്ലല്ലൊ,,,,ആൺകുട്ടിയാല്ലെ......”
ഇതു കേട്ടതും ഞാൻ ഭൂമിയിലൊന്നുമല്ലായിരുന്നു അവസാനത്തെ പിടിവള്ളിയായിരുന്നു ആൺകുട്ടിയാവുക എന്നത് എനിക്ക്.ഞാൻ

തുള്ളിച്ചാടി പാട്ടും കോഴിഡാൻസും തുടങ്ങി....”അനിയത്തിപ്രാവിനു പ്രിയരിവർ നൽകും.....”ആ ഫിലിം ഇറങ്ങിയ സമയമായിരുന്നു അത്.
ഉപ്പ ഒച്ചവെച്ചു”മിണ്ടാണ്ടിരി കേൽക്ക്ണില്ല” “പിരാന്തായോ” എന്ന് ഇക്കാക്കമാരും. അപ്പോഴേക്കും സങ്കടം വന്ന് കണ്ണ് നിറഞ്ഞു. ഉപ്പ

ഹോസ്പിറ്റലെക്ക് പോയി എന്നെ കൂട്ടിയില്ല.

അന്ന് വൈകുന്നേരം ഇളാപ്പയുടെ മോൾ വന്നു അവൾ ഹോസ്പിറ്റൽന്ന് വരുന്ന വഴിയാ “നിന്റെ ഉമ്മയുടെ വാവയെ ഞാൻ കണ്ടു

അന്നക്കാൾ(നിന്നെക്കാൾ) മുമ്പെ ഞാൻ കണ്ടല്ലൊ.ഒരു കുഞ്ഞി ചോന്ന വാവ”.അവൾക്കല്ലേലും എന്നെ ദേഷ്യം പിടിപ്പിക്കലാൺ

ഹോബി.

പിറ്റേന്ന് ഇളാപ്പയുടെ കൂടെ ഞാൻ വാവയെ കാണാൻ പോയി.അതിനെ കണ്ടപ്പൊ എനിക്ക് അത്ഭുതവും സന്തോഷവും വന്നു

ദേഷ്യമൊക്കെ പോയി...ഞാനതിനെ കളിപ്പിച്ചു നോക്കി പക്ഷെ കരച്ചിൽ തന്നെ.

രണ്ടു ദിവസം കഴിഞ്ഞ് ഉമ്മയും വാവയും വീട്ടിലേക്ക് വന്നു.കൂടെ ഒരു വട്ടത്തി ഈറ്റിച്ചി തള്ളയും പിന്നെ ഉമ്മയുടെ വീട്ടിൽനിന്ന് വന്ന ഒരു

പണിക്കാരിയും.
രണ്ട്പെണ്ണുങളും ഉമ്മയെയും വാവയെയും നോക്കും.അതല്ലെങ്കിൽ അടുക്കള യുദ്ധക്കളമാക്കും.എന്നെ ആരും നോക്കിയില്ല,പക്ഷെ ഉമ്മ

വാവയെക്കാളേറെ എന്നെ നോക്കിയിരുന്നു എന്റെ ഉള്ളീലെ കോമ്പ്ല്ക്സ് ഉമ്മക്ക് മനസ്സിലായിക്കാണും.ഒരു ദിവസം ഉമ്മ ഭകഷണം

കഴിക്കാൻ വിളിച്ചപ്പൊ ഞാൻ കട്ടിനടിയിൽ പോയിരുന്നു ഒറ്റക്ക് ശബ്ദമുണ്ടാക്കതെ കരയായിരുന്നു.ഏത് നേരവുമുള്ള എന്റ കരച്ചിൽ

കണ്ട് ഉമ്മ സഹികെട്ടു.”ഈ പെണ്ണ് വെറുതേ ഏത് നേരവും കരഞ്ഞ് കരഞ് എന്തേലും അസുഖം വരുത്തി വെക്കും”ഇതും പറഞ്ഞോണ്ട്

ഉമ്മ അടുക്കളയിലേക്ക് പോയി.

പിന്നെയെപ്പോയോ വാ‍വയെ എനിക്ക് ജീവനായ്.ഞാനവനെ ഇഷ്ട്ടമുള്ള പേരുകൾ വിളിക്കും.ചിരിപ്പിക്കും അവന്റെ വായിലെ ഉമിനീരിൻ

മധുരമാണോന്ന് നോക്കും.ആരും കാണാതെ അവൻ എഴഞ്ഞ് ഏതെങ്കിലും മൂലയിൽ പോയിരുന്ന് മണ്ണ് തിന്നും എന്നിട്ട് ഞാനവനെ

കണ്ട്പിടിക്കാൻ നടക്കും..എന്നോട് പഠിക്കാൻ പറയുമ്പോ ഞാനവന്റെ കൂടെ കളിക്കൻ പോകും.

വലുതാവുംതോറും ഞങ്ങൾ കൂടുതൽ അടികൂടാൻ തുടങ്ങി.ഞങ്ങളെ വഴക്ക് പറഞ്ഞ് ഉമ്മ മടുക്കും.എത്ര അടികൂടിയാലും എനിക്ക് വല്ല

മുറിവും പറ്റിയാൽ അവന്ന് പാവമാകും “താത്താ വേദനണ്ടോ”എന്ന് ചോദിക്കുന്നത് കണ്ടാൽ അവനെപ്പോലെ ഒരു പാവം ഇല്ലെന്ന്

തോന്നും.
അവൻ കളിക്കാൻ പോയാലും സൈക്കളോടിച്ച് റോഡിൽ പോയാലും സ്കൂളിൽ നിന്ന് ടൂർ പോയാലുമൊക്കെ എനിക്ക് പേടിയാ അവൻ

വരുന്ന വരെ.ഇപ്പയും............................

അന്നെന്റെ കല്യാണദിവസം.
പരിപാടികളൊക്കെ കഴിഞ്ഞ് എനിക്ക് ഇറങ്ങാനായി.കരയരുതെന്ന് മനസ്സിനെ പറഞ്ഞ് വെച്ചതായിരുന്നു.ഉമ്മയെ കണ്ടപ്പോയേക്കും

എന്റെ കന്റ്രോൽ പോയി കരഞ്ഞു.ശ്വാസമൊക്കെ പോയി കണ്ടുനിന്നവരും കരഞ്ഞു.അപ്പോയേക്കും ഇറങ്ങാൻ പറഞ്ഞ് എല്ലാരും

തിരക്ക് കൂട്ടി.ആരോടും യാത്ര ചോദിക്കാനും ബാക്കിയാരെയും ശ്രദ്ധിക്കാനുമൊന്നും കഴിഞ്ഞില്ല.അനിയനെയും, അവനെയാരും കണ്ടില്ല

ആ ഭാഗത്തെവിടെയും.അവനെ കണ്ടിരുന്നെങ്കിൽ ഒരുപക്ഷെ ഞാനവിടുന്ന് ഇറങ്ങില്ലായിരുന്നിരിക്കം.
പെണ്ണിറങ്ങി കൂടെ തേടികളും(ചെക്കന്റെ വീട്ടിൽ നിന്ന് വന്നവർ) പുതുക്കക്കാരും(പെണ്ണിന്റെ വീട്ടിൽ നിന്ന് ചെക്കെന്റെ വീടു കാണാൻ

പോകുന്നവർ) ഇറങ്ങി.വീട്ടിൽ ഉമ്മയും ഉപ്പയും മാത്രമായി.

എല്ലാരും പോയി രാത്രിയാവറായി ഭർത്ര്വീട്ടിൽ പന്തലഴിച്ചു തുടങ്ങി.രാത്രി വീട്ടിൽ നിന്ന് എന്നെ വിളിച്ചു.അനിയനെവിടെ എന്ന്

ചോതിച്ചപ്പോഴാൺ കാര്യങ്ങളറിയുന്നത്. എല്ലരും പുതുക്കം പോയപ്പോൾ അവൻ അവിടെ ഒറ്റക്കിരുന്ന് കരയായിരുന്നു പോലും ആരും

അവനെ ശ്രദ്ധിച്ച് കാണില്ല.ഉമ്മയാൺ പിന്നെ അവനെ കണ്ടത്.കുടുംബക്കാരൊക്കെ തിരിച്ചെത്തിയപ്പോ എല്ലരും അവനെ

ആശ്വസിപ്പിക്കാൻ നോക്കി.അത്രയും നേരം അടക്കി പിടിച്ചതും കൂടെ പോന്നു പോലും .ഉറക്കെ കരഞിട്ട് “താത്ത ഇല്ലാണ്ട് ഞാനിവിടെ

നിക്കില്ല“ഇതും പറഞ്ഞ് അവൻ ഇളാപ്പയുടെ കൂടെ അവരുടെ വീട്ടിലേക്ക് പോയി.അവിടെ അവൻ കളിക്കാൻ ആളുണ്ട്.അവിടെപോയാൽ

മൂഡ് ശെരിയാകും എന്ന് വിചാരിച്ച് അവനെ ഉമ്മയും പറഞ്ഞയച്ചു.

രാത്രി അവനും എന്നെ വിളിച്ചു ചിരിച്ചു കൊണ്ടാ അവൻ സംസാരിച്ചത് “താത്ത ഞാനിവിടെയാ” എനിക്കതികം സംസാരിക്കൻ പറ്റിയില്ല

ഞാൻ കരഞ്ഞു പോകും എന്നെനിക്കറിയാമായിരുന്നു.അവൻ ഫോൺ വെച്ച ശേഷം ഞാൻ ആരും കാണാതെ കുറച്ച് കരഞ്ഞു

അങ്ങനെയെങ്കിലും കുറച്ച് ആശ്വാസം കിട്ടട്ടെ എന്ന് വിചാരിച്ചു.

അന്ന് ഭർത്താവിനോട് ആദ്യം പറഞ്ഞതും ഇതായിരുന്നു “എനിക്ക് അനിയനെ കാണണം.അവനില്ലാണ്ട് നിക്കാൻ കഴിയില്ല”പിന്നെയും

കുറെ കരഞ്ഞു..................................

ഇപ്പൊ കുറെയൊക്കെ ശീലമായെങ്കിലും അവനെപ്പൊഴും കൂടെയുണ്ടെങ്കിൽ എന്ന് വിചാരിക്കാറുണ്ട്.

ഇന്നീ കുഞ്ഞനിയൻ ഒരു കുഞ്ഞമ്മാവനാ‍വാൻ പോകുന്നു.ഇപ്പൊ അവനെന്തായിരിക്കും ചിന്തിക്കുന്നുണ്ടാവുക.അന്ന് ഞാൻ ചിന്തിച്ച

പൊലെ...ഇന്ന്,താത്തക്ക് എന്നോടുള്ള സ്നേഹം കുറയുമോ എന്ന് സംശയിക്കുന്നുണ്ടാകുമോ.ഉണ്ടാവരുതേ എന്നാണെന്റെ പ്രാർതന.

എന്തായാലും ഒന്നേ അവനോട് പറയാനുള്ളൂ...“ആരൊക്കെ വന്നാലും
നീ താത്തന്റെ കുഞനിയനല്ലെ, താത്തന്റെ ഏറ്റവും പ്രിയപ്പെട്ട ഫറുട്ടൻ(പേർ)......”

Friday, August 1, 2008

ഞാന്‍ അതായിരുന്നു .....

മഴയെ പ്രണയിച്ച...........
എന്നും പ്രണയിക്കുന്ന,
മഴത്തുള്ളികളില്‍ കുതിര്‍ന്ന്,
വേനലില്‍ വിണ്ടുകീറിയ നെല്‍ വയലില്‍
നെല്‍കതിരുകള്‍പോലുമില്ലാതെ തനിച്ച്........
മഴയോട് ചേര്‍ന്ന് നില്‍ക്കാന്‍
മോഹിച്ചവള്‍ .

ഇരുള്‍ മയങ്ങുന്ന
രാത്രിയുടെ നിലാവുള്ള യാമങ്ങളില്‍
ജാലകവാതിലോട് ചേര്‍ന്ന് നിന്ന്
ഇരുട്ടിനെ പ്രണയിച്ച,
 മുറിയോട് സല്ലപിക്കാന്‍ വരുന്ന
മുല്ലവള്ളിയില്‍ ഉതിര്‍ന്നു വീഴുന്ന
മഞ്ഞുകണങ്ങളൊട് പിറുപിറുത്തും..
വിരിഞ്ഞുവരുന്ന മുല്ലമൊട്ടിനെ
ഇമവെട്ടാതെ നോക്കിനിന്ന്
ഒന്നതിനെ ചുമ്പിച്ച്
ഉറങാതെ,
തണുത്ത കാറ്റും ഇലകളും
മെല്ലെ പ്രണയം പങ്കുവെക്കുന്നത്
കാതോര്‍ത്ത്,

ഉറങ്ങുവാനായ്
ചുവരുകളെ പോലുമുണര്‍ത്താതെ
ഗസലിന്റെ ഈണം
കേല്‍ക്കാനിഷ്ട്ടപ്പെട്ട
ഒരു പെണ്‍കുട്ടി .

Thursday, July 10, 2008

ആത്മാവില്‍ നിന്ന് മരണത്തിലേക്കൊരു യാത്ര......

നീയും മരണവും ദൈവത്തിന്റെ സൃഷ്ട്ടി തന്നെ
നിന്റെയാത്മാവിന്ന് ഭുമിയില്
പിറന്നു വീഴുമ്പോള്‍,
മരണമെന്ന സ്രിഷ്ട്ടിയെ കണ്ടുമുട്ടും വരെ
അവന്റെ നിയോഗത്തിലൂടെയല്ലാതെ
അതിനെ പോറലുകളേല്പ്പിക്കാതെ
തിരിച്ചേല്പ്പിക്കാന്‍
ഒരിക്കലവന്‍ മണ്ണുകൊണ്
കടഞ്ഞെടുത്ത ഒന്ന്
നിന്നെയേല്പ്പിച്ചു


ഒരിക്കല്‍ നീ
ദുര്‍നിമിത്തങ്ങളുടെ ഊടുവഴികളിലൂടെ
നടന്നകന്നപ്പോള്‍
നീപോലുമറിയാതെ അത് നിന്നെ പിന്തുടര്‍ന്നത്
പരാജയത്തിലേക്കായിരുന്നെങ്കില്‍....
ഒരു പക്ഷെ മരണമെന്ന
മറ്റൊരത്ഭുത സ്രിഷ്ട്ടിയില്‍
സുഖമില്ലാത്ത വീര്യം കൂടിയ
ക്ഷണിക്കപ്പെട്ട വിഷം
നിന്നെ വിഴുങാനോളം
വായ തുറന്ന് ചിരിക്കുമായിരുന്നില്ലേ...


മുന്നോട്ട് നീ,
എന്നും കാണുന്ന
ഇളിഞ്ഞ ചിരികളോട്
പ്രതികരിക്കുന്ന പോലെ
പുച്ചിച്ചു തള്ളുമോ,
മുന്നോട്ടുള്ള യാത്രയില്‍
നീ നീയാകുന്ന ആത്മാവിനെ
കൂട്ടുപിടിക്കുമോ...
ക്ഷണിക്കപ്പെടാതെ വരുന്ന
മരണമെന്ന വീര്യം കൂടിയ
സുഖമറിയുവാനും
നിന്നെയേല്പ്പിച്ചതെന്തോ
അതെല്ലാം
അതിന്റെ
സ്രിഷ്ട്ടാവിന്ന് തിരികെ
നല്‍കാനും...........

Wednesday, June 11, 2008

മഴയെ പ്രണയിച്ച വേനല്പ്പൂവ്....

കാഴ്ച്ചയില്‍ നീ വെറും മഴനൂലുകള്‍
കൈപിടിയില്‍ ജലകണങ്ങളും
എന്നിട്ടും എന്റെ മസ്തിഷ്ക്കത്തില്‍
നീ പ്രണയം,
അതുകൊണ്ട് വിരഹവും നീ തന്നെ
നീ ഇല്ലാതാകുംതോറും
എന്റെ പ്രാണാക്ഷരങ്ങളും
മൗനനൊമ്പരങ്ങളും
മരണത്തെ പ്രണയിക്കുന്നു........

* * *
നീ പെയ്തിറങ്ങുമ്പോള്‍
എന്റെ നാളങ്ങളോരോന്നും
നിന്നോട് എന്തോ പറയാന്‍ വെമ്പുന്നു.
നിന്റെ മര്‍മരം
എന്നോട് വാചാലമാകുന്നു
മഴ, സാഫല്യമാണ്‍

ഞാനീ ജന്മം...
നിന്റെ ആയുസ്സിന്നായ്
പ്രാര്‍ത്തിച്ചു.....
നിന്റെ മരണം
ഞാനാഗ്രഹിച്ചില്ല..
നീ തോരാതെ പെയ്യുമോ
ഇന്നും എന്നും

* * *
ആകാശത്തിന്റെ ദര്‍പ്പണത്തില്‍
എന്റെ വര്‍ണ്ണം ഇല്ലാതാവും വരെയെങ്കിലും
ഞാന്‍ നിന്നെ ക്കുറിച്ച്...
നിന്റെ നേര്‍ത്ത നൂലുകളെ ക്കുറിച്ച്
വാചാലയായ്ക്കൊള്ളട്ടെ
ആരുമറിയാതെ ഞാന്‍ നിന്നോട് പറഞതും
നീ എനിക്കായ് മാത്രം
പറഞുത്തന്ന രഹസ്യങ്ങളും..
.....നിന്റെ കണ്ണൂകളീലെ തിളക്കം കണ്ടല്ല..
പക്ഷെ അറിയില്ല
ഞാനെന്തിനേറെ നിന്നെയിഷ്ട്ടപ്പെടുന്നുവെന്ന്
നേര്‍ത്ത നൂലുകളായ്
പെയ്തിറങ്ങുമ്പോള്‍
നീ എനിക്ക്
അനുഭൂതിയാണ്‍
ദൈവീകമായ.....
അനുഗ്രഹവും ....ആശ്വാസവും.

* * *
നീ മേഘങ്ങളായ് മൂടിനില്‍ക്കവെ
എന്റെ ഹൃദയം വിങ്ങാറുണ്ട്
പേരെടുത്തു പറയാനാവാത്ത വേദന
ബാല്യത്തില്‍ മരണം
വിരഹമായ് കൗമാരതിലും....
മൂടിക്കെട്ടിയ മേഘങ്ങ്ങള്‍
നീയായ് പയ്തിറങ്ങുമ്പോള്‍..
നീ നിന്റെ തന്നെ സാഫല്യമാകുന്നു
നിന്റെ സാഫല്യം എന്റെ പ്രണയവും
നീ മണ്ണീന്നുള്ളം നനക്കുമ്പോള്‍
എന്റെ നീറിവെന്ത...
വേദനകല്‍ മായുന്നു....

* * *
നിന്നെ ഞാന്‍ പ്രണയിച്ചു
നീയെന്നെയറിഞു പെയ്തു
ഞാന്‍ കരയുമ്പോള്‍
നീ പേമാരിയായ്
എന്റെ തേങ്ങല്‍
എന്റേ കാതുകള്‍ക്കുപ്പോലും
നീയന്യമാക്കി..ഒന്നു മാത്രം ചോദിക്കുന്നു
നീ എന്റെ വേദനകള്‍ നിന്റേതാക്കിയൊ
വേദനകള്‍‍ ഒപ്പിയെടുത്ത് നീയെത്താന്‍
ഒരുപാട് വയ്കുന്നു....
എന്റെ വേദനകള്‍
എന്നും എന്റെതു മാത്രമായ്ക്കൊള്ളട്ടെ...
എന്റെ സ്വകാര്യതയില്‍ വിങ്ങിപ്പൊട്ടട്ടെ...
എങ്കിലും നിന്നെ ഞാന്‍ പ്രണയിക്കും
കാരണം നീ മഴയാണ്‍
നീ തന്നെ കണ്ണീരാണ്‍, സാന്ത്വനവും
നീ പെയ്ത് മടങ്ങിടുമ്പോള്‍
എന്റെ കണ്ണുകളീല്‍ നീ പെയ്യും...
നീ ഒടൂങ്ങരുത്..
എന്റെ കണ്ണൂകളടയും മുമ്പ്.....


* * *
നിയെനിക്ക് സ്വാര്‍ഥതയാണ്‍
നീയെന്റെ താണെന്ന വിശ്വാസവും...,
നീ വാനോടിഴുകി ചേര്‍ന്നാല്‍
അന്ന്,
എന്റെ കണ്ണുകള്‍ അന്ധവും
കാതുകല്‍ മൂകവുമായിരുന്നെങ്കില്‍...
.....................................
മഴ,
നീ എന്റെ പ്രണയം.

മഴയായ്.....

ജനനവും മരണവും
പ്രണയവും വിരഹവും
..ഏതോ
ബന്ധുവിന്റെ മുഖ്ഛായയും
നിന്റെ പ്രതിരൂപമായ് തെളീയുന്നു

* * *
മഴ,
ഇന്നൊരത്ഭുതമാകുന്നു
പ്രതീക്ഷിക്കാത്ത നിമിഷങ്ങളില്‍
പേമാരിയായും
പ്രതീക്ഷിക്കുന്ന നേരം
വരള്‍ച്ചയുടെ പേക്കൂത്തായും.......